Skip to content
മട്ടാഞ്ചേരി · 1653 ജനുവരി 3

കൂനൻ കുരിശ് സത്യം

മട്ടാഞ്ചേരിയിലെ വിശുദ്ധ കുരിശിന്റെ കഥ — പോർച്ചുഗീസുകാരുടെ കാലത്തെ അതിന്റെ തുടക്കം, അതിനു ചുറ്റും വളർന്ന ഭക്തി, 1653 ജനുവരി 3-ലെ കൂനൻ കുരിശ് സത്യം.

മട്ടാഞ്ചേരി ജീവമാത പള്ളി

കൂനൻ കുരിശിന്റെ ചരിത്രം (കുരിയച്ചൻ)

15-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കച്ചവടത്തിനായി ഇന്ത്യയിലേയ്ക്കു കടന്നുവന്ന പോർച്ചുഗീസുകാർ, മട്ടാഞ്ചേരിയെ ലോകപ്രശസ്തമായ ഒരു വാണിജ്യ കേന്ദ്രമാക്കി മാറ്റി. അതോടൊപ്പം അവർ ഇന്ത്യയിൽ ക്രൈസ്തവ വിശ്വാസവും പ്രചരിപ്പിച്ചു. വിശ്വാസ പ്രചരണത്തിനായി ഈശോസഭാ മിഷനറിമാരെയും അവർ കൂടെ കൊണ്ടുവന്നു.

വിശുദ്ധ കുരിശിനോടും പരിശുദ്ധ മാതാവിനോടും അത്യധികം വിശ്വാസവും ഭക്തിയും അവർക്കുണ്ടായിരുന്നു. ഈ ലോകജീവിതത്തിന്റെ നിസ്സാരതയും പാരത്രികത്തിന്റെ ശ്രേഷ്ഠതയും ദൈവവചനത്തിലൂടെയും വി. കുരിശിന്റെ സാക്ഷ്യത്തിലൂടെയും വിനയാന്വിതമായ ജീവിതത്തിന്റെ പ്രതീകമായി പൗരസ്ത്യശിൽപകലാ ചാതുരിയിൽ പോർച്ചുഗീസുകാർ മട്ടാഞ്ചേരിയിൽ പണിതുയർത്തിയ ജീവമാതാവിന്റെ (Our Lady of Life) നാമധേയത്തിലുള്ള പള്ളിയും അതിന്റെ കീഴിലുള്ള വി. കുരിശിന്റെ കപ്പേളയും ചരിത്രത്തിന്റെ വഴിത്താരയിൽ ഇന്നും ഉയർന്നു നിൽക്കുന്നു.

കുരിശിലൂടെ ഒന്നിപ്പിക്കപ്പെട്ട ജനം ചില തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തിൽ വി. കുരിശ് നൽകിയ ജീവിതാദർശങ്ങൾ മറന്ന് ഭിന്നിപ്പിക്കപ്പെട്ടു. ഈശോസഭാ മിഷനറിമാരെ തങ്ങൾ അംഗീകരിക്കില്ലെന്നു പറഞ്ഞ് കുരിശിൽ കെട്ടിയ ആലാത്തിൽ പിടിച്ച് 1653 ജനുവരി 3-ന് അവർ നടത്തിയ സത്യമാണ് കൂനൻ കുരിശ് സത്യം. ഈ സംഭവം ഇന്ന് ചരിത്രത്തിന്റെ ഭാഗമായിത്തീർന്നിരിക്കുന്നു. വലിയ ഒരു ജനക്കൂട്ടം കുരിശിൽ കെട്ടിയ കയറിൽ പിടിച്ചു വലിച്ചപ്പോൾ കുരിശ് അല്പം ചരിഞ്ഞെന്നും (കൂനൻ കുരിശ്) പിന്നീടത് നേരെയാക്കി സ്ഥാപിച്ചെന്നും പറയപ്പെടുന്നു. ഇത് ചരിത്രത്തിന്റെ ഭാഗമായി തീർന്നിരിക്കുന്നു.

കൊച്ചിയിലുണ്ടായിരുന്ന ആദ്യ ക്രൈസ്തവ സമൂഹം ഭിന്നിച്ചു പിരിഞ്ഞുവെങ്കിലും കടൽ കടന്നെത്തിയ കച്ചവടക്കാർക്കും സ്വദേശികളായ വ്യാപാരികൾക്കും വി. കുരിശ് എന്നും സംരക്ഷണ കേന്ദ്രമായി തീർന്നിരുന്നു.

1550 മുതൽ

കുരിയച്ചന്റെ കഥ

പാതയോരത്ത് നാട്ടപ്പെട്ട കുരിശ് വ്രാന്തകുരിശ് (പോർച്ചുഗീസ്) വാണിജ്യ വ്യവസായങ്ങൾക്കുവേണ്ടി കൊച്ചിയിൽ വന്നവർക്ക് എന്നും അഭയമേകി. ഒരു നിമിഷമെങ്കിലും കുരിശിൻ നടയിൽ കയറി അവർ ആശ്വാസം കണ്ടെത്തിയിരുന്നു. അക്കാലത്ത് മട്ടാഞ്ചേരിയിലെ ഒരു വ്യാപാരിയുടെ പക്കൽ നിന്ന് ഒത്തിരിയേറെ സാധനങ്ങൾ കളവുപോയി. എല്ലാം നഷ്ടപ്പെട്ട ആ മനുഷ്യൻ കുരിശിൻ നടയിൽ ഇരുന്നു പ്രാർത്ഥിക്കുവാൻ തുടങ്ങി. ദിവസങ്ങൾക്കു ശേഷം ഒരു വ്യക്തി മാനസികാസ്വാസ്ഥ്യം നേരിട്ട് കുരിശിൻ നടയിൽ വന്ന് തന്റെ അറിവില്ലായ്മ നിമിത്തം സംഭവിച്ച തെറ്റിനു മാപ്പപേക്ഷിച്ചു; സാധനങ്ങൾ തിരിയെ ഏൽപ്പിച്ചു.

അന്നു മുതൽ വി. കുരിശിനോടുള്ള ഭയഭക്തി ആദരവുകൾ വിശ്വാസികളിൽ വർദ്ധിക്കുകയും വ്രാന്തകുരിശ് "ഭ്രാന്തൻ കുരിശാകുകയും" പിന്നീട് "കുരിയച്ചനായി" തീരുകയുമാണുണ്ടായത്. ഇന്നും ആ വിശ്വാസത്തിന്റെ തണലിൽ അനേകായിരങ്ങൾ അവരുടെ തകർന്ന കുടുംബങ്ങൾക്കും മനസ്സുകൾക്കും അനാഥത്വത്തിനും ആശ്വാസം തേടി ഇവിടെ എത്തുകയാണ്.

വിശുദ്ധ കുരിശ് · കൂനൻ കുരിശ്

കുരിശുപള്ളി സ്ഥാപിതം
1550
കൂനൻ കുരിശ് സത്യം
1653 ജനുവരി 3